اللهمَّ صلِّ صلاةً كاملةً، وسلِّم سلامًا تامًّا على سيدِنَا محمّدٍ، الذي تَنْحَلُّ بهِ العُقَدُ وتَنْفَرِجُ بِهِ الكُرَبُ وتُقْضَى بِهِ الحوائجُ وتُنَالُ بهِ الرّغائِبُ وحُسْنُ الخواتيمِ ويُسْتَسْقَى الغمامُ بوجهِهِ الكَرِيمِ وعلى الهِ وصحبه وسلِّم ,

വെള്ളിയാഴ്‌ച, ഏപ്രിൽ 20, 2012

മനം നിറഞ്ഞ് മലപ്പുറം

മലപ്പുറം: കണ്ണിന് കുളിര്‍മയുള്ള കാഴ്ചയായി... കാതുകള്‍ക്ക് ഇമ്പമുള്ള സ്വരങ്ങളായി... മനസ്സുകള്‍ക്ക് സ്നേഹത്തിന്റെ തലോടലായി..... കാലത്തിന്റെ നക്ഷത്രശോഭ മലപ്പുറത്തിന്റെ വിരിമാറിലൂടെ മനസ്സുകളില്‍ നിന്ന് മനസ്സുകളിലേക്ക് സഞ്ചരിക്കുന്ന കാഴ്ച. ചരിത്രവും കാലവും ഇവിടെ വഴിമാറുകയാണ്... മാനവികയുടെ വിപ്ളവ നാദവുമായി കാന്തപുരം നടത്തുന്ന കേരള യാത്രക്ക് നാടൊന്നടങ്കം പിന്തുണയുമായെത്തിയപ്പോള്‍ വള്ളുവനാടും മലപ്പുറത്തിന്റെ ഭരണസിരാകേന്ദ്രവും ആയുര്‍വേദ നഗരിയും ചരിത്രം കഥപറയുന്ന തിരൂരങ്ങാടിയുമെല്ലാം ഇന്നലെ സുന്നീപ്രസ്ഥാനത്തോടൊപ്പം ചലിച്ചുകൊണ്ടിരുന്നു. മഖ്ദൂമുമാരും ഖുതുബുസ്സമാന്‍ മമ്പുറം സയ്യിദ് അലവി തങ്ങളും ആലി മുസ്ലിയാരും വാരിയന്‍കുന്നനും പകര്‍ന്ന് നല്‍കിയ നന്‍മയുടെ വിപ്ളവ വീര്യവുമായി മലപ്പുറത്ത് എത്തിയ കേരളയാത്ര രണ്ടാം ദിവസം ഒരു മഹാപ്രവാഹമായി മാറി. അലയായി എത്തിയ ജനം സാഗരമായി സ്വീകരണ കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തിയപ്പോള്‍ ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകള്‍ അടര്‍ന്നുമാറി. പെരിന്തല്‍മണ്ണയിലേക്ക് അതിരാവിലെ മുതല്‍ പ്രവഹിച്ച് തുടങ്ങിയ ജനസഞ്ചയം വള്ളുവനാടിന്റെ ചരിത്രം തിരുത്തിയെഴുതുകയായിരുന്നു. ഇതേ സമയം മലപ്പുറത്തും വലിയ നിര തന്നെ കാന്തപുരത്തെ പ്രതീക്ഷിച്ച് കാത്ത് നിന്നു. ഉരുകുന്ന വെയിലില്‍ മണിക്കൂറുകളോളമുള്ള കാത്ത്നില്‍പ്പിനൊടുവില്‍ കൈവീശി കാന്തപുരമെത്തുമ്പോള്‍ നഗരവീഥികളില്‍ നിശ്ചലമായി. ധര്‍മപ്രസ്ഥാനത്തിന്റെ ചുണക്കുട്ടികള്‍ വിപ്ളവ അഭിവാദ്യവുമായി സിന്ദാബാദ് വിളിച്ചു. പിന്തുണയുമായി ആയിരങ്ങള്‍ കൂടി നിരന്നപ്പോള്‍ നാടൊന്നടങ്കം കേരളയാത്രയോടൊപ്പം ചേരുന്ന സുന്ദരമായ കാഴ്ചക്കും യാത്ര സാക്ഷിയായി. ആയുര്‍വേദ നഗരിയായ കോട്ടക്കലിലും രണ്ടാം ദിവസത്തെ സമാപന കേന്ദ്രമായ ചെമ്മാടും ആവേശത്തിമിര്‍പ്പിലായിരുന്നു ഇന്നലെ. ആയിരത്തോളം വാഹനങ്ങളിലായി ഓരോ കേന്ദ്രങ്ങളിലേക്കും കാന്തപുരത്തെ അവര്‍ തക്ബീര്‍ ധ്വനികളോടെ സ്വീകരിച്ചു. വാഹനങ്ങളിലും കാല്‍നടയായും സ്വീകരണ കേന്ദ്രങ്ങളിലേക്ക് ഒഴുകിയ പതിനായിരങ്ങള്‍ മാനവികതയെ ഉണര്‍ത്താന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നടത്തുന്ന യാത്രയോടൊപ്പം തങ്ങളുമുണ്െടന്ന് വിളിച്ച് പറയുകയായിരുന്നു ഇന്നലെ മലപ്പുറത്തിന്റെ മനസ്സ് മുഴുവന്‍. 20/04/2012

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ