اللهمَّ صلِّ صلاةً كاملةً، وسلِّم سلامًا تامًّا على سيدِنَا محمّدٍ، الذي تَنْحَلُّ بهِ العُقَدُ وتَنْفَرِجُ بِهِ الكُرَبُ وتُقْضَى بِهِ الحوائجُ وتُنَالُ بهِ الرّغائِبُ وحُسْنُ الخواتيمِ ويُسْتَسْقَى الغمامُ بوجهِهِ الكَرِيمِ وعلى الهِ وصحبه وسلِّم ,

വെള്ളിയാഴ്‌ച, ഏപ്രിൽ 13, 2012

കാസര്‍കോടിന്റെ ഹൃദയം കീഴടക്കി കാന്തപുരത്തിന്റെ യാത്ര ജില്ല വിട്ടു, ഇന്ന് കണ്ണൂരില്‍

കാസര്‍കോട്: ജില്ല കണ്ട ഏറ്റവും വലിയ ജനപ്രവാഹത്തിനാണ് കാന്തപുരത്തിന്റെ കേരളയാത്ര സാക്ഷിയായത്. ജില്ലയുടെ മൂന്ന് കേന്ദ്രങ്ങളില്‍ പതിനായിരങ്ങളുടെ സ്നേഹഹാദരങ്ങളേറ്റു വാങ്ങി രാത്രി പത്ത് മണിയോടെ ജില്ലയിലെ പര്യടനനം തൃക്കരിപ്പൂരില്‍ സമാപിച്ചു. ഇന്ന് ജുമുഅ വരെ തൃക്കരിപ്പൂരില്‍ തങ്ങിയ യാത്ര ഉച്ചയക്ക് ശേഷം പയ്യന്നൂരില്‍ കണ്ണൂര്‍ ജില്ലയുടെ പ്രഥമ സ്വീകരണ പരിപാടിയില്‍ സംബന്ധിക്കും. പ്രമുഖ മത രാഷ്ട്രീയ സാംസ്കാരിക നായകരുടെ പ്രൌഢ സാന്നിദ്ധ്യം കൊണ്ടനുഗ്രഹീതമായിരുന്നു കാസര്‍കോട് ജില്ലയിലെ ഓരോ സ്വീകരണ കേന്ദ്രവും. ഇന്നലെ രാവിലെ പ്രഭാതം പൊട്ടിവിടര്‍ന്നതോടെ ജില്ലയുടെ മുക്കുമൂലയില്‍നിന്ന് വാഹനങ്ങളിലും മറ്റുമായി പ്രവര്‍ത്തകര്‍ കാസര്‍കോട് നഗരിയിലേക്ക് ഒഴുകാന്‍ തുടങ്ങിയിരുന്നു. പതിനായിരങ്ങളാണ് പൊരിവെയിലിനെ അവഗണിച്ചുകൊണ്ട് രാവിലെ ഒമ്പതുമുതല്‍ ഉച്ചക്ക് ഒരു മണിവരെ നഗരിയില്‍ നേതാക്കളുടെ പ്രസംഗം ശ്രവിക്കുന്നതിനും യാത്രക്ക് ആശംസ നേരുന്നതിനും കാത്തുനിന്നത്. പതാകയേന്തിയ ആയിരത്തോളം സ്നേഹസംഘം പ്രത്യേകം യൂണിഫോമില്‍ നഗരം കീഴടക്കിയത് അവിസ്മരണീയ കാഴ്ചയായി. ജനനായകനെ സ്വീകരിക്കാന്‍ കവലകളില്‍ വാഹനവുമായി കാത്തുനിന്ന പ്രവര്‍ത്തകര്‍ യാത്രയിലേക്ക് കണ്ണികളായിക്കൊണ്ടിരുന്നു. ഹൊസങ്കടിയും ഉപ്പളയും ബന്തിയോടും കടന്ന് കുമ്പളയിലെത്തുമ്പോള്‍ വാഹനങ്ങളുടെ എണ്ണം 300 ലേറെയായി വര്‍ധിച്ചിരുന്നു. കാസര്‍കോട് നഗരിയിലേക്ക് യാത്ര കടന്നുവരും മുമ്പ് തന്നെ പുതിയ ബസ്സ്റ്റാന്റും പരിസരവും വാഹനങ്ങളെ കൊണ്ട് നിറഞ്ഞിരുന്നു. നഗരി നിറഞ്ഞ് ജനസഹസ്രം റോഡ് വരെ നീണ്ടുനിന്നു. കാന്തപുരവും പണ്ഡിതനേതാക്കളും നഗരിയിലേക്ക് കടന്നതോടെ കാസര്‍കോട് ജനസമുദ്രത്തില്‍ മുങ്ങി. വിദ്യാനഗര്‍ മുതല്‍ കറന്തക്കാട് വരെയും പഴയ ബസ്സ്റ്റാന്റ് വഴികളിലും ചന്ദ്രഗിരി പാലം വരെയും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തത് കൌതുക കാഴ്ചയായി. കാന്തപുരത്തിന്റെ കേരളയാത്രയുടെ സംസ്ഥാന ഉദ്ഘാടനം കാസര്‍കോട് നഗരത്തില്‍നിന്ന് ഇന്നലെ രാവിലെ തുടങ്ങിയപ്പോള്‍ ആശീര്‍വദിക്കാനെത്തിയത് ജില്ലയുടെ പണ്ഡിതനേതൃത്വമൊന്നായി. താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ബുഖാരിയാണ് പതാക കൈമാറിയത്.


ധന്യസദസ് ജില്ലയിലെ സമുന്നത സയ്യിദുമാരായ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി, സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ബുഖാരി, സയ്യിദ് ഇബ്റാഹിം പൂക്കുഞ്ഞി തങ്ങള്‍ അല്‍ ഹൈദറൂസി, സയ്യിദ് യഹ്യല്‍ ബുഖാരി, സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ ആന്ത്രോത്ത്, സയ്യിദ് ഇബ്റാഹിം അല്‍ ഹാദി അസഖാഫി, സയ്യിദ് അശ്റഫ് തങ്ങള്‍ മുട്ടത്തൊടി, സയ്യിദ് അബ്ദുല്ല ഇമ്പിച്ചിക്കോയ തങ്ങള്‍, അസഖാഫ് ഖലീല്‍ സ്വലാഹ്, സയ്യിദ് കെ പി എസ് തങ്ങള്‍ ബേക്കല്‍ എന്നിവരുടെ ആത്മീയ സാന്നിധ്യം കൊണ്ട് വേദി പ്രൌഢമായി. നൂറുല്‍ ഉലമ എം എ ഉസ്താദാണ് തൃക്കരിപ്പൂരില്‍ ഉദ്ഘാടനം നിര്‍വഹിച്ചത്. ഇതിനു പുറമെ പണ്ഡിത പ്രമുഖരായ എം അലിക്കുഞ്ഞി മുസ്ലിയാര്‍ ഷിറിയ, എ കെ അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, എന്‍ എം അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ ചെമ്പിരിക്ക, കുട്ടശേരി അബ്ദുല്ല ബാഖവി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, സി അബ്ദുല്ല മുസ്ലിയാര്‍ ഉപ്പള, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, അശ്റഫ് മൌലവി ചിത്താരി തുടങ്ങിയവര്‍ ഉദ്ഘാടന വേദിയെ ധന്യമാക്കി. ജില്ലയിലെ പൌരപ്രമുഖരെല്ലാം യാത്രക്ക് പിന്തുണയുമായി വേദിയിലെത്തിയിരുന്നു. ടി സി മുഹമ്മദ്കുഞ്ഞി ഹാജി, ക്യാപ്റ്റന്‍ ശരീഫ് കല്ലട്ര, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ അബ്ദുറഹ്മാന്‍ തുടങ്ങിയവരും സംബന്ധിച്ചു. ഇടയ്ക്കിടെയുണ്ടാകുന്ന വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് അയവുവരുത്തി നേര്‍വഴിയിലേക്ക് നയിക്കാന്‍ കാന്തപുരത്തിനു കഴിയട്ടെയെന്ന് മുന്‍ എം എല്‍ എ. അഡ്വ. സി എച്ച് കുഞ്ഞമ്പു അഭിപ്രായപ്പെട്ടു. കാന്തപുരം നയിക്കുന്ന കേരളയാത്രക്ക് ആശംസ നേര്‍ന്നുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭയത്തിലും ഭീതിയിലും കഴിയേണ്ട അവസ്ഥയാണ് കാസര്‍കോട്ടുള്ളത്. ഇടയ്ക്കിടെയുണ്ടാകുന്ന സംഘര്‍ഷങ്ങള്‍ക്ക് തടയിട്ട് മനുഷ്യമന:സാക്ഷിയെ നേര്‍വഴിയിലേക്ക് നയിക്കാനും ബധിരഹൃദയങ്ങളെ ഉണര്‍ത്തി നാടിന് സമാധാനാന്തരീക്ഷം പകരുന്നതിന് കാന്തപുരത്തിന്റെ കേരളയാത്രക്ക് കഴിയട്ടേയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര തലത്തില്‍ കാന്തപുരത്തിന് മഹത്തമായ സ്ഥാനമാണുള്ളത്. മനുഷ്യമനസ്സിനെ ഉണര്‍ത്തുന്നതിലുള്ള ഈ യാത്ര ആധുനിക കേരളത്തിന്റെ നവോഥാനത്തിനുള്ള യാത്രയെന്നാണ് എന്റെ പക്ഷം-കുഞ്ഞമ്പു പറഞ്ഞു. 13/04/2012

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ