اللهمَّ صلِّ صلاةً كاملةً، وسلِّم سلامًا تامًّا على سيدِنَا محمّدٍ، الذي تَنْحَلُّ بهِ العُقَدُ وتَنْفَرِجُ بِهِ الكُرَبُ وتُقْضَى بِهِ الحوائجُ وتُنَالُ بهِ الرّغائِبُ وحُسْنُ الخواتيمِ ويُسْتَسْقَى الغمامُ بوجهِهِ الكَرِيمِ وعلى الهِ وصحبه وسلِّم ,

വെള്ളിയാഴ്‌ച, ഏപ്രിൽ 20, 2012

ആരോഗ്യമേഖലയിലെ ചൂഷണം തടയാന്‍ നിയമം കൊണ്ടുവരണം: കാന്തപുരം

മലപ്പുറം: ആരോഗ്യമേഖലയില്‍ നടക്കുന്ന ചൂഷണങ്ങളെ ഫലപ്രദമായി നേരിടാന്‍ സര്‍ക്കാര്‍ ശക്തമായ നിയമങ്ങള്‍ കൊണ്ടുവരണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ആരോഗ്യം പൌരന്റെ മൌലികാവകശങ്ങളില്‍ പെട്ടതാണ്. അതിനാവശ്യമായ പശ്ചാത്തല സൌകര്യങ്ങള്‍ ചെയ്തുകൊടുക്കല്‍ സര്‍ക്കാറിന്റെ ഉത്തരവാദിത്വമാണ്. മരുന്നുകളുടെ അനിയന്ത്രിതമായ വിലയും ആശുപത്രികള്‍ ഈടാക്കുന്ന കനത്ത ഫീസും സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് ചികിത്സ നിഷേധിക്കുകയാണ് ഫലത്തില്‍ ചെയ്യുന്നത്. രോഗത്തെ ഒരു കുറ്റമായി കാണുന്ന സാമൂഹിക മനോഭാവമാണ് ഇപ്പോള്‍ രൂപപ്പെട്ടു വരുന്നത്. ചികിത്സാ രംഗത്ത് നിലനില്‍ക്കുന്ന സാമ്പത്തിക ചൂഷണങ്ങളാണ് രോഗിയെ കുറ്റവാളിയായി കാണാനുള്ള പ്രേരണ നല്‍കുന്നത്. സ്വകാര്യ ചികിത്സാ രംഗത്ത് നടക്കുന്ന തട്ടിപ്പുകള്‍ പുറത്ത് കൊണ്ടുവരുന്ന നിരവധി റിപ്പോര്‍ട്ടുകള്‍ നമുക്കു മുമ്പിലുണ്ട്. ഇവയിലൊന്നും കാര്യക്ഷമമായുള്ള തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല. മരുന്നു വിപണിയില്‍ സര്‍ക്കാര്‍ നേരിട്ടിടപെട്ട് വില നിയന്ത്രിക്കണം. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള ആശുപത്രികളിലെ ഫാര്‍മസികളില്‍ മുഴുവന്‍ മരുന്നുകളും ലഭ്യമാക്കാനുള്ള നടപടിയുണ്ടാകണം. ദാരിദ്യ്ര രേഖക്ക് താഴെയുള്ളവരുടെ ചികിത്സ പൂര്‍ണമായും സൌജന്യമാക്കണം. മറ്റുള്ളവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യാനുസരണമുള്ള സബ്സിഡി നല്‍കി ചികിത്സ ലഭ്യമാക്കണം. സ്വകാര്യ ആശുപത്രികള്‍ പങ്കാളികളായ സര്‍ക്കാറിന്റെ ചികിത്സാ പദ്ധതികള്‍ നിരീക്ഷിക്കാന്‍ സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തണം. ക്യാന്‍സര്‍ ഉള്‍പ്പടെയുള്ള മാരക രോഗങ്ങളുടെ ചികിത്സ സാധാരണക്കാരന് ഒരു നിലക്കും താങ്ങാന്‍ കഴിയുന്നില്ല. ആര്‍ സി സി മാതൃകയില്‍ മലബാറില്‍ ക്യാന്‍സര്‍ ചികിത്സ കേന്ദ്രം ആരംഭിക്കണം. പെയ്ന്‍ ആന്‍ഡ് പാലിയേറ്റീവ് കേന്ദ്രങ്ങളിലെ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ പശ്ചാത്തല സൌകര്യങ്ങള്‍ സര്‍ക്കാര്‍ ചെലവില്‍ ഏര്‍പ്പെടുത്തണം. ചികിത്സാരംഗത്ത് നിലനില്‍ക്കുന്ന തൊഴില്‍ ചൂഷണങ്ങള്‍ക്കെതിരെ ജാഗ്രത വേണം. നഴ്സുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മതിയായ പ്രതിഫലം നല്‍കുന്നു എന്ന് ഉറപ്പു വരുത്തണം. ഒരു സമുദായം ഉന്നയിക്കുന്ന എല്ലാ ആവശ്യങ്ങളെയും വര്‍ഗീയമായി കാണുന്ന പ്രവണത ശരിയല്ല. അതേസമയം, സാമുദായിക ബോധത്തെ വര്‍ഗീയ വത്കരണത്തിലേക്ക് വഴിതെറ്റിക്കും വിധത്തിലുള്ള ആവശ്യങ്ങള്‍ ഉന്നയിക്കുന്നത് അപകടകരമാണ്. മതവിശ്വാസികളുടെ ധൃുവീകരണത്തിനും അതുവഴി വര്‍ഗീയവത്കരണത്തിന് സഹായകമാകും വിധം സാമുദായിക ആവശ്യങ്ങളെ മത സാമുദായിക നേതാക്കളെ മുന്‍നിര്‍ത്തി വിലപേശി നേടിയെടുക്കാനുള്ള ശ്രമം സമൂഹത്തില്‍ ഛിദ്രതയുണ്ടാക്കും. പൊതു സമൂഹത്തെ ദുര്‍ബലപ്പെടുത്താന്‍ ഇത്തരം നീക്കങ്ങള്‍ കാരണമാകും. എല്ലാ രാഷ്ട്രീയ സംഘടനാ പ്രതിനിധികളേയും കേരള യാത്രയില്‍ ക്ഷണിച്ചിട്ടുണ്െടന്നും ചോദ്യത്തിന് മറുപടിയായി കാന്തപുരം പറഞ്ഞു. 20/04/2012

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ