اللهمَّ صلِّ صلاةً كاملةً، وسلِّم سلامًا تامًّا على سيدِنَا محمّدٍ، الذي تَنْحَلُّ بهِ العُقَدُ وتَنْفَرِجُ بِهِ الكُرَبُ وتُقْضَى بِهِ الحوائجُ وتُنَالُ بهِ الرّغائِبُ وحُسْنُ الخواتيمِ ويُسْتَسْقَى الغمامُ بوجهِهِ الكَرِيمِ وعلى الهِ وصحبه وسلِّم ,

വെള്ളിയാഴ്‌ച, ഡിസംബർ 24, 2010

മര്‍കസിന്റെ വിജ്ഞാന വിപ്ലവം ലോകത്തിനു മാതൃക: ഇ അഹ് മദ്

കണ്ണൂര്‍: ഇസ്‌ലാമിനെ വികലമാക്കാന്‍ ഒരുപാട് ദുശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കേന്ദ്ര റെയില്‍വെ സഹമന്ത്രി ഇ അഹമ്മദ് പറഞ്ഞു. മര്‍ക്കസ് 33 വാര്‍ഷിക മഹാസമ്മേളനത്തിന്റെ ഭാഗമായി കണ്ണൂരില്‍ സംഘടിപ്പിച്ച എക്‌സലന്‍സി മീറ്റ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇസ്‌ലാമിന്റെ സുന്ദരരൂപം വികലമാക്കാന്‍ അവര്‍ ശ്രമിക്കുകയാണ്. ഇതിനെ നേരിടാന്‍ എല്ലാവിഭാഗവും ഒറ്റക്കെട്ടാകണം

സമാധാനത്തിന്റെ മതമാണ് ഇസ്‌ലാം. എന്നാല്‍ അസമാധാനമുണ്ടാക്കുന്നവരായി മുസ്‌ലിങ്ങളെ ചിത്രീകരിക്കപ്പെടുന്നതിന് ഒരുവിഭാഗം കാരണക്കാരാകുകയാണ്. മനുഷ്യന് നന്മ നല്‍കുകയാണ് മുസ്‌ലിമിന്റെ ഉത്തരവാദിത്തം. മൂല്യങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമെ പ്രവര്‍ത്തനങ്ങള്‍ക്കും ഗുണമുണ്ടാകൂ. എന്നാല്‍ ഇന്ന് മൂല്യത്തിനല്ല വികലമായ ചിന്തകള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. നബി തിരുമേനി കാണിച്ച വഴിയിലൂടെയാണ് മുന്നോട്ട് പോകേണ്ടത്. അപകടമായ തത്വങ്ങളുമായി മുന്നോട്ട് പോകുന്നവരാണ് തീവ്രവാദത്തിലേക്ക് നീങ്ങുന്നത്. നീ പോയി മരിക്കണമെന്ന് ഇസ്‌ലാം പറഞ്ഞിട്ടില്ല. ജീവിച്ച് വിജയിക്കുകയാണ് വേണ്ടത്. അല്ലാതെ തോറ്റ് മരിക്കുകയല്ല-ഇ അഹമ്മദ് പറഞ്ഞു. നവീനമായ പാഠ്യപദ്ധതിയാണ് മര്‍കസിന്റെ നേതൃത്വത്തില്‍ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചിത്താരി കെ പി ഹംസ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ വിശിഷ്ടാതിഥിയായിരുന്നു. ഇസ്‌ലാമിനെ കുറിച്ച് തെറ്റായ പ്രചാരണം വ്യാപകമായി നടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മുസ്‌ലിങ്ങള്‍ സംഘടിതമായി പ്രവര്‍ത്തിക്കുന്ന കേരളത്തിലെ സൗഹാര്‍ദാന്തരീക്ഷം ഇസ്‌ലാമിനെതിരായ കുപ്രചാരണങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്നതാണെന്ന് കോടിയേരി പറഞ്ഞു.

അഖിലേന്ത്യ സുന്നി ജം ഇയ്യത്തുല്‍ ഉലമ ജന.സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. ധാര്‍മിക വിദ്യാഭ്യാസത്തിന്റെ അഭാവമാണ് തെറ്റായ ചിന്തകള്‍ വളര്‍ന്നുവരാന്‍ കാരണമെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യനെ മനുഷ്യനായി വളര്‍ത്തിയെടുക്കാന്‍ ധാര്‍മികവിദ്യാഭ്യാസം കൊണ്ട് മാത്രമെ കഴിയൂവെന്ന് കാന്തപുരം പറഞ്ഞു. മുന്‍കേന്ദ്രമന്ത്രി സി എം ഇബ്‌റാഹിം, സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍, സയ്യിദ് അസ്‌ലം ജിഫ്‌രി തങ്ങള്‍, ചാലാട് അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍, പട്ടുവം കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍, എന്‍ അബ്ദുല്‍ലത്വീഫ് സഅദി, എ പി അബ്ദുല്‍ ഹഖീം അസ്ഹരി പ്രസംഗിച്ചു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ